കോട്ടയം: നാടും നഗരവും ഓണാഘോഷത്തിന്റെ നെറുകയില്‍ നില്ക്കുമ്പോള്‍ തിരുവോണ ദിനത്തില്‍ പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥികളും തിരക്കിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനു ഇക്കുറി ഓണാഘോഷം ഒന്നുമില്ല.
തിരുവോണ ദിനമായ ഇന്ന് പരസ്യ പ്രചരണങ്ങള്‍ക്ക് അവധി ആയതോടെ വീട്ടില്‍ ഇരുന്ന് ആളുകളെ ഫോണില്‍ വിളിച്ച് വോട്ട് ഉറപ്പിക്കാനും വിശേഷങ്ങള്‍ തിരക്കാനുമാണ് സമയം ചിലവഴിച്ചത്. ഇതിനിടയില്‍ വീട്ടില്‍ ചാണ്ടി ഉമ്മനെ കാണാനും ആശംസ അറിയിക്കാനും എത്തിയവരുമായി മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഉച്ചകഴിഞ്ഞ് മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തും.
ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് രാവിലെ ചില ഓണാഘോഷപരിപാടികളില്‍ ആശംസ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ കിടപ്പുരോഗികള്‍ക്ക് പൊതിച്ചോര്‍ വിതരണത്തില്‍ പങ്കാളിയായി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ കൂരോപ്പടയില്‍ ആദ്യ കാല ബിജെപി പ്രവര്‍ത്തക ലക്ഷ്മിക്കുട്ടിയമ്മയ്‌ക്കൊപ്പം ഓണസദ്യ കഴിച്ച് ഓണം ആഘോഷിച്ചു. തുടര്‍ന്ന് മണ്ഡലത്തിലെ ചില ഓണാഘോഷത്തിലും പങ്കെടുക്കും.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം സെപ്റ്റംബര്‍ എട്ടിനാണ്.