പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും; സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും; സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വർധിക്കുന്ന വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ഗാർഹികാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയിൽ 200 രൂപയുടെ കുറവ് വരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് വിവരം. എൽപിജിക്ക് 200 രൂപ കൂടി സബ്‌സിഡി നൽകി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്പനികൾക്ക് സബ്‌സിഡി നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ഉജ്ജ്വല പദ്ധതിയിൽ അംഗങ്ങളായവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവിൽ ഡൽഹിയിൽ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയിൽ 1052 രൂപ വരും. ജൂലൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ എണ്ണ വിതരണ കമ്പനികൾ 50 രൂപയുടെ വർധന വരുത്തിയിരുന്നു. മെയ് മാസം രണ്ടുതവണ വില വർധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില കൂട്ടിയത്.

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നീക്കം.2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി സ്ത്രീകൾക്കാണ് ഈ പദ്ധതി അനുസരിച്ച് എൽപിജി കണക്ഷൻ നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.