കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതിയംഗം സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. എറണാകുളം വടക്കന്‍ പറവൂരില്‍ താമസിക്കുന്ന മകള്‍ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയുമായിരുന്ന പരേതനായ ഇ.ബാലാനന്ദന്റെ ഭാര്യയാണ്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാത്രി 8.30 ഓടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം, മഹിളാ അസോസിയേഷന്റെ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1996 ല്‍ ആലുവയില്‍ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2012 ല്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. മൃതദേഹം പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
മക്കള്‍: സുനില്‍, സുലേഖ, സരള, പരേതയായ സുശീല. വിദേശത്തുള്ള മകന്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം. സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.