ബഹിരാകാശത്ത് നിന്ന് യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി ഞായറാഴ്ച തിരിച്ചെത്തും

ബഹിരാകാശത്ത് നിന്ന് യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി ഞായറാഴ്ച തിരിച്ചെത്തും

ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തും. ആറ് മാസക്കാലത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് നെയാദി മടങ്ങുന്നത്. അല്‍ നെയാദി ഉള്‍പ്പെടുന്ന ക്രൂ-6 ഉളള സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ഈ മാസം രണ്ടിനാണ് ഐഎസ്എസില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുക. ഞായറാഴ്ച പേടകം യുഎസിലെ ഫ്ളോറിഡ തീരത്ത് പേടകം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു.

ഐഎസ്എസിനുള്ളില്‍ 200ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയാണ് നെയാദി മടങ്ങുന്നത്. ബഹിരാകാശയാത്രികരുടെ പ്രതിരോധശേഷിയും ഐഎസ്എസിലെ സൂക്ഷ്മജീവ രോഗാണുക്കളും തമ്മിലുള്ള പ്രതികരണം വിശകലനം ചെയ്യുന്നതിനുള്ള ഹോസ്റ്റ്പഥോജന്‍ പരീക്ഷണത്തിലാണ് ഏറ്റവും അവസാനം അല്‍ നെയാദി പങ്കെടുത്തത്. നെയാദിയുടെ രക്തത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ബഹിരാകാശ ജീവിതത്തോട് അദ്ദേഹത്തിന്‍റെ ശാരീരിക പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിച്ചുവെന്ന് കണ്ടെത്തുന്നതിനുളള പരീക്ഷണങ്ങളും നടക്കും.

നിരവധി ചരിത്രനേട്ടങ്ങളും സ്വന്തമാക്കിയാണ് നെയാദി മടങ്ങുന്നത്. ആറുമാസത്തെ ദീർഘകാലപരിധിയില്‍ ഐഎസ്എസില്‍ താമസിച്ച അറബ് വംശജന്‍, ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്‍ എന്നീ നേട്ടങ്ങള്‍ നെയാദി സ്വന്തമാക്കി. എ കോള്‍ ഫ്രം സ്പേസ് എന്ന പേരില്‍ യുഎഇയിലുളള വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന 19 ഓളം സദസുമായും നെയാദി സംവദിച്ചു.

നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള ശാരീരിക ഒരുക്കങ്ങള്‍ നടത്തുന്നതിന്‍റെ വീഡിയോ നെയാദി രണ്ടാഴ്ച മുമ്പ് എക്‌സില്‍ നെയാദി പങ്കുവച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.