കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. താന്‍ ഭൂ നിയമം ലംഘിച്ചിട്ടില്ല. ഹോം സ്റ്റേ നടത്തിപ്പ് ലെസന്‍സ് പ്രകാരമാണെന്നും ഭൂനിയമം ലംഘിച്ച് പണിതത് എ.കെ.ജി സെന്ററാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
ചിന്നക്കനാലില്‍ വീട് നിര്‍മ്മിച്ചത് റസിഡന്‍ഷ്യല്‍ നിയമ പ്രകാരമാണ്. സ്വകാര്യ കെട്ടിടം എന്ന് പറയാന്‍ കാരണം അത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പ്രകാരം കിട്ടിയത് കൊണ്ടാണ്. അത് തിരുത്തുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.
തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് എന്നിവര്‍ വരവില്‍ കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാന്‍ സംസ്ഥാന സെക്രട്ടറിക്ക് ധൈര്യമുണ്ടോയെന്നും അദേഹം ചോദിച്ചു.
ഇവര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഇല്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.