അഞ്ച് ലക്ഷത്തിന്റെ ചെക്ക് മടങ്ങുമ്പോഴും മുഖ്യമന്ത്രിയുടെ യാത്ര ഹെലികോപ്റ്ററില്‍; ധൂര്‍ത്തെന്ന് വി.ഡി സതീശന്‍

അഞ്ച് ലക്ഷത്തിന്റെ ചെക്ക് മടങ്ങുമ്പോഴും മുഖ്യമന്ത്രിയുടെ യാത്ര ഹെലികോപ്റ്ററില്‍; ധൂര്‍ത്തെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: അഞ്ച് ലക്ഷത്തിന്റെ ചെക്ക് മടങ്ങുമ്പോഴും മുഖ്യമന്ത്രിയുടെ യാത്ര വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിലാണെന്ന വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നത് ധൂര്‍ത്താണെന്നാണ് അദേഹം പ്രതികരിച്ചത്.

കൂടാതെ ചിലവ് ചുരുക്കണമെന്ന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അടിക്കടി ഉപദേശിക്കുന്ന മുഖ്യമന്ത്രി ഇത്തരം പ്രവണത ഒഴിവാക്കണം. വളരെ ബുദ്ധിമുട്ടിയാണ് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്തുന്നത്.

പാവപ്പെട്ടവര്‍ക്ക് ഓണകിറ്റ് നല്‍കുന്നതിനെ ചിലര്‍ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ പറഞ്ഞത് ജാള്യത മറയ്ക്കാനാണ്. ഉപതിരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ കോട്ടയം ജില്ലയില്‍ കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മുഖ്യതിരത്തെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണത്തിന് അനുമതി നല്‍കിയത്‌തെന്നും വി.ഡി സതീശന്‍ പറഞ്ഞു.

87 ലക്ഷം പേര്‍ക്ക് ഓണകിറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കിയിട്ടു പോലും അത് തന്നെ പൂര്‍ണമായി നല്‍കാനുമായില്ല. ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാര്‍ത്ഥത്തില്‍ ഭയമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.