ദുബായ്: മൊബൈല്‍ നെറ്റ് വർക്കിന്‍റെ പേര് താല്‍ക്കാലികമായി മാറ്റി യുഎഇയിലെ സേവന ദാതാക്കള്‍. ബാക് ടു എർത്ത് എന്നാണ് മൊബൈലിലെ നെറ്റ് വർക്കില്‍ ബുധനാഴ്ച മുതല്‍ കാണുന്നത്. ആറുമാസക്കാലത്തെ ദൗത്യം പൂർത്തിയാക്കി യുഎഇയുടെ ബഹികാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ശനിയാഴ്ച ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങുകയാണ്. നെയാദിയോടുളള ബഹുമാനാർത്ഥമാണ് നെറ്റ് വർക്കിന്‍റെ പേര് മൊബൈല്‍ സേവനദാതാക്കള്‍ മാറ്റിയത്.
നേരത്തെയും ഇത്തരത്തില്‍ പേര് താല്‍ക്കാലികമായി മാറ്റിയിരുന്നു. നെയാദി ഐഎസ്എസിലേക്ക് പോകുന്ന സമയത്തും, യുഎഇയുടെ മാർസ് മിഷന്‍ ഹോപ് പ്രോബിന്‍റെ ലോഞ്ച് സമയത്തും,യുഎയുടെ ഹസ അല്‍ മന്‍സൂരിയുടെ ബഹിരാകാശ ദൗത്യ സമയത്തും പേര് താല്‍ക്കാലികമായി മാറ്റിയിരുന്നു. യുഎഇ ടു സ്പേസ്, യുഎഇടുമാർസ്, ഫസ്റ്റ് യുഎഇ ആസ്ട്രോ എന്നിങ്ങനെയായിരുന്നു അന്ന് നല്‍കിയ പേരുകള്‍.
6 മാസത്തെ ദൗത്യത്തിനായി അൽ നെയാദി ഉൾപ്പെട്ട നാലംഗ ക്രൂ–6 സംഘം കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്. കൂടുതൽ കാലം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് നെയാദിയുടെ മടക്കം.