അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ നവംബറില്‍ പ്രവർത്തനം ആരംഭിക്കും.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ നവംബറില്‍ പ്രവർത്തനം ആരംഭിക്കും.

അബുദാബി: നിർമാണം പൂർത്തിയായി വരുന്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ നവംബറില്‍ പ്രവർത്തനമാരംഭിക്കും. വിമാനത്താവള അധികൃതരാണ് ടെർമിനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചത്.

1080 കോടി ദിർഹം മുതൽമുടക്കിൽ ഏഴരലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മിഡ്ഫീല്‍ഡ് ടെർമിനലിന്‍റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഭൂരിഭാഗം വിമാന സർവീസുകളും ഇതുവഴിയാക്കും. ടെർമിനല്‍ പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രാ-കാർഗോ സേവനങ്ങളില്‍ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വർഷത്തില്‍ 45 ദശലക്ഷം യാത്രാക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് ടെർമിനല്‍. മണിക്കൂറില്‍ 11,000 യാത്രാക്കാർക്ക് സേവനം നല്‍കാനും 79 എയർക്രാഫ്റ്റുകള്‍ പ്രവർത്തിപ്പിക്കാനും മിഡ്ഫീല്‍ഡ് ടെർമിനലില്‍ സാധിക്കും.
2012-ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. 2017-ൽ പണിപൂർത്തിയാക്കി തുറന്നുകൊടുക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യകളാണ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുളളത്. ബയോമെട്രിക് സൗകര്യങ്ങളും, സ്വയം സേവന കിയോസ്കുകളും,കാര്യക്ഷമമായ സുരക്ഷാ ചെക്ക്പോസ്റ്റുകളും, ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കാർബണ്‍ ഫുട്പ്രിന്‍റ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ടെർമിനലിന്‍റെ വാസ്തുവിദ്യ അന്താരാഷ്ട്ര പുരസ്കാരവും നേടിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.