കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഇന്ന് യു.ഡി.എഫിന്റെ രണ്ടു പൊതുയോഗങ്ങളിൽ പങ്കെടുക്കും. ബി.ജെ.പിക്കുവേണ്ടി ദേശീയ സെക്രട്ടറിയും എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണിയും ഇന്ന് എത്തുന്നുണ്ട്. അതോടെ അച്ഛനും മകനും രണ്ട് മുന്നണിക്കായി നേർക്കുനേർ പ്രചാരണം നടത്തുന്നതിന് മണ്ഡലം സാക്ഷ്യം വഹിക്കും.
രണ്ട് റൗണ്ട് പ്രചാരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അവസാനവട്ട പ്രചാരണത്തിന് ഇന്ന് വീണ്ടുമെത്തും. മൂന്നു പഞ്ചായത്തുകളിൽ പ്രസംഗിക്കും. റോഡ് ഷോയ്ക്കായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി നാളെ എത്തും. പ്രകാശ് ജാവദേക്കർ, രാധാ മോഹൻ ദാസ് അഗർവാൾ, കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങി വൻനിരയാണ് എൻ.ഡി.എ സ്ഥാനാർത്ഥിക്കായി എത്തുന്നത്.
ഓണത്തിന് നാടുകളിലേക്ക് മടങ്ങിയ മൂന്ന് മുന്നണികളുടേയും നേതാക്കൾ ഇന്ന് മടങ്ങിയെത്തുന്നതോടെ പ്രചാരണം തീപാറും. ഇന്നും നാളെയും അവസാനവട്ട മണ്ഡല പര്യടനം നടത്തും. മൂന്നിന് വൈകിട്ട് അഞ്ചിന് പരസ്യ പ്രചാരണം അവസാനിക്കും.