കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലം കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോര്‍ട്ടിലാണ് അന്വേഷണ സംഘത്തലവനായ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സാഹചര്യ തെളിവുകളുടെയും സൈന്റിഫിക്, സൈബര്‍ ഫൊറന്‍സിക് തെളിവുകളുടെയും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പഴുതടച്ച കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 645 പേജുള്ള കുറ്റപത്രത്തില്‍ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉള്‍പ്പടെ വസ്തുക്കളും, നിര്‍ണായക രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ ബിഹാറിലും ഡല്‍ഹിയിലും പോയി പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുളള പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പോക്‌സോ കേസില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതി. എന്നാല്‍ അതീവ ഗൗരവമേറിയ ഈ കേസില്‍ 35 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ സുപ്രധാനമായ ഈ കേസില്‍, ഡിഎന്‍എ പരിശോധന ഫലങ്ങള്‍ ഉള്‍പ്പടെ ലഭിച്ചിരുന്നു.
പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡില്‍ മൂന്ന് സാക്ഷികള്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പ്രതി കുട്ടിയുമായി മാര്‍ക്കറ്റിലൂടെ നടന്നുപോവുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്ത തൊഴിലാളി, പ്രതി കുട്ടിയോടൊപ്പം യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍, സഹയാത്രിക എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളും, നാട്ടുകാരും കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അസ്ഫാഖ് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.