തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ ഹര്‍ജി തള്ളി.
ഉമ്മന്‍ ചാണ്ടി മരിച്ചതിനാല്‍ തുടര്‍ നടപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഒമ്പത് വര്‍ഷം കേരള രാഷ്ട്രീയത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു.
സോളാര്‍ വിവാദം കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം കോണ്‍ഗ്രസിന് നേരെ പ്രയോഗിച്ചിരുന്നു. കോടതി കേസ് അവസാനിപ്പിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമായി.