പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് പാമ്പാടിയില്‍

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് പാമ്പാടിയില്‍

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താം. മൂന്ന് മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകുന്നേരം പാമ്പാടിയില്‍ നടക്കും.

നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന് നടക്കും. വന്‍ ഭൂരിപക്ഷം യുഡിഎഫ് ലക്ഷ്യമിടുമ്പോള്‍, മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം മണ്ഡലത്തില്‍ കരുത്ത് അറിയിക്കുക ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടത് മുന്നണി സിപിഎം നേതാവ് ജെയ്ക് സി തോമസിനെ രംഗത്തിറക്കിയപ്പോള്‍, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.