മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം: ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ഇടക്കാല ഹര്‍ജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം: ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ഇടക്കാല ഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകാ യുക്തയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ മുഖ്യമായി പരാമര്‍ശിച്ചിട്ടുള്ള സിപിഎമ്മിന്റെ മുന്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാര്‍ക്ക് ഹര്‍ജിയില്‍ നിഷ്പക്ഷ വിധിന്യായം നടത്താന്‍ സാധിക്കില്ലെന്നതിനാല്‍ വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷിദ്, ജസ്റ്റിസ് ബാബു മാത്യു. പി. ജോസഫ് എന്നിവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹര്‍ജി, സത്യ വാഗ്മൂലത്തോടൊപ്പം പരാതിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഇന്ന് ലോകായുക്തയില്‍ ഫയല്‍ ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് 11 ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്. ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹര്‍ജ്ജിയില്‍ പരാമര്‍ശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ യും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രന്‍ നായരുമായി ഉപലോകയുക്തമാര്‍ക്ക് വിദ്യാര്‍ഥി രാഷ്ട്രീയ കാലം മുതല്‍ അടുത്ത സുഹൃത്ത് ബന്ധമുണ്ടെന്ന വിവരം ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് ഹര്‍ജിക്കാരന് ബോധ്യപ്പെട്ടത്.

അദേഹത്തിന്റെ ജീവചരിത്ര സ്മരണികയില്‍ ഉപലോകയുക്തമാര്‍ രണ്ടുപേരും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവച്ച് ഹര്‍ജിയില്‍ ഇവര്‍ വാദം കേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാര്‍മികതയും നഷ്ടപ്പെടുത്തിയെന്നും ഇടക്കാല ഹര്‍ജിയില്‍ പറയുന്നു.

വിധിന്യായം പുറപ്പെടുവിക്കുന്നതിനു മുമ്പ്, നീതിന്യായ പീഠത്തിന്റെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കുന്ന നടപടികള്‍ ലോകയുക്തയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനാണ് സത്യവാങ്മൂലത്തോടൊപ്പം അഡ്വ.സുബൈര്‍കുഞ്ഞ് മുഖേന ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.