തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്പോണ്‍സിബിള്‍ അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റാല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്നാണ് ശശി തരൂര്‍ പരിഹസിച്ചത്. സാമൂഹിക മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലായിരുന്നു പരിഹാസം.
ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാ പരമായി എതിര്‍പ്പില്ലെങ്കിലും 'ഇന്ത്യ'യെ പൂര്‍ണമായും ഒഴിവാക്കാന്‍സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു തരൂരിന്റെ പരിഹാസം.
ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴ വിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്ക് പകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഉച്ചകോടി ആരംഭിക്കുന്ന ശനിയാഴ്ചത്തെ വിരുന്നില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്കായി അയച്ച ക്ഷണക്കത്തില്‍ സാധാരണ ഉപയോഗിക്കുന്ന 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനുപകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവന്‍ വിശേഷിപ്പിച്ചത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ക്ഷണക്കത്തിലെ വിവാദ വിഷയം ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിപക്ഷം 'ഇന്ത്യ' മുന്നണിയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്താല്‍ ബി.ജെ.പി. ഭാരതമെന്ന പേര് വീണ്ടും മാറ്റുമോ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.