ആലുവ പീഡനം: സ്ത്രീകളേയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പരാജയം സമ്മതിച്ച് പിന്‍മാറണമെന്ന് വി.ഡി സതീശന്‍

ആലുവ പീഡനം: സ്ത്രീകളേയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പരാജയം സമ്മതിച്ച് പിന്‍മാറണമെന്ന് വി.ഡി സതീശന്‍

കൊച്ചി: കേരളത്തിലെ പൊലീസ് നോക്കുകുത്തിയായി മാറിയെന്നും ഇതിന്റെ ഉത്തരവാദിത്വം മുഴുവന്‍ മുഖ്യമന്ത്രിക്കാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആലുവയിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ നിരീക്ഷണ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടെന്നും മാസങ്ങള്‍ക്കിടെയാണ് ആലുവയില്‍ രണ്ടാമത്തെ ക്രൂരത ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ആലുവയില്‍ നേരത്തെയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ അനാസ്ഥ ഗൗരവമായി ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് പട്രോളിങ് നടത്താന്‍ പോലും തയ്യാറാവുന്നില്ല. പട്രോളിങ്ങിനെ കുറിച്ച് ചോദിക്കുമ്പോള്‍ ആവശ്യമായ ഫോഴ്സ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ മുഖ്യമന്ത്രി ഇന്നലെ താമസിച്ചിരുന്ന ആലുവ പാലസ് മുഴുവന്‍ പൊലീസ് ബന്തവസായിരുന്നു. അവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് ഈ സംഭവം ഉണ്ടായതെന്നത് നമ്മളെ ലജ്ജിപ്പിക്കേണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ പൊലീസിനെ നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

പൊലീസിന്റെ വീര്യം തകര്‍ത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും സതീശന്‍ പറഞ്ഞു. ആലുവയിലെ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗൗരവമായ നിലപാട് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് സ്വീകരിക്കേണ്ടി വരും. സ്ത്രീകളേയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പരാജയം സമ്മതിച്ച് പിന്‍മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉണ്ടായ സംഭവത്തില്‍ മഴ പെയ്യുന്നത് കണ്ട് ജനല്‍ തുറന്നപ്പോഴാണ് സുകുമാരന്‍ എന്നയാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. അദ്ദേഹം കരച്ചില്‍കേട്ട് പുറത്തിറങ്ങി തിരച്ചില്‍ നടത്തിയതുകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.