കോട്ടയം: റെക്കോഡ് ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ സ്വന്തമാക്കിയ വിജയം പപ്പയുടെ പതിമൂന്നാമത്തെ വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ. ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. തനിക്ക് വേണ്ടി വോട്ടു ചെയ്ത പുതുപ്പള്ളിക്കാർക്ക് നന്ദി പറയുന്നു. കയ്യെത്തും ദൂരത്ത് എന്നുമുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും സമന്മാരാണ്. പുതുപ്പള്ളിയിലെ വികസനത്തിന് ഒറ്റകെട്ടായി പ്രവർത്തിക്കാം. ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്തേക്ക് പ്രശ്‌നങ്ങളുമായി വരാമായിരുന്നു. അതേപോലെ ഞാനും കയ്യെത്തും ദൂരത്തുണ്ടാവും. പാർട്ടിയോ ജാതിയോ മതമോ പ്രശ്‌നമല്ല. നാടിന് വേണ്ടി ഒന്നിച്ചു നീങ്ങാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെ മുതിർന്ന നേതൃത്വത്തിന് നന്ദി പറഞ്ഞ ചാണ്ടി ഉമ്മൻ എ കെ ആന്റണി നൽകിയ പിന്തുണയെ പ്രത്യേകം എടുത്തു പറഞ്ഞു. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, റോജി എം ജോൺ ഉൾപ്പെടെയുള്ള നേതാക്കൾക്കും ചാണ്ടി ഉമ്മൻ നന്ദി പറഞ്ഞു.