വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ഹര്‍ഷിന വീണ്ടും സമരത്തിന്

വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ഹര്‍ഷിന വീണ്ടും സമരത്തിന്

കോഴിക്കോട്: ഹര്‍ഷിന കേസില്‍ പൊലീസ് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കത്രിക വയറ്റില്‍ കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അശ്രദ്ധയും ജാഗ്രത കുറവുമാണ് കത്രിക വയറ്റില്‍ കുടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മെഡിക്കല്‍ കോളജ് എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊലീസ് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അതേസമയം ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വീണ്ടും സമരം ചെയ്യുന്നത്.

ഈ മാസം 13ന് നിയമസഭയ്ക്ക് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സമരം നടത്തും. സര്‍ക്കാര്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. സര്‍ക്കാര്‍ തീരുമാനം ഇല്ലെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന വ്യക്തമാക്കി.

സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതി ചേര്‍ത്ത് പൊലീസ് കുന്നമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചിരുന്നു.
പൂര്‍ണമായ നീതി ലഭിക്കുന്നതു വരെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ഷിന അന്നേദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയതാണ്.

ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നുമായിരുന്നു ഹര്‍ഷിനയുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരം പ്രഖ്യാപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.