തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ചോദ്യോത്തര വേളക്ക് ശേഷമാണ് നിയമസഭാ ചേംബറിൽ സ്പീക്കർ മുൻപാകെ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നിരയുടെ പിൻഭാഗത്ത് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം.
ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എൽജെഡി എംഎൽഎ കെ പി മോഹനന് നൽകിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു. മറിയാമ്മ ഉമ്മനും മകൾ മറിയവും ഗാലറിയിൽ ഇരുന്ന് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‍ഞ ചടങ്ങിന് സാക്ഷികളായി.
സത്യപ്രതിജ്ഞക്ക് മുമ്പായി പാളയത്തെ ഓർത്തഡോക്‌സ് പള്ളിയിലും ആറ്റുകാൽ ദേവീക്ഷേത്രത്തിലും ചാണ്ടി ഉമ്മൻ സന്ദർശനം നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മരിക്കുന്നില്ലെന്നും തന്റെ ചാലകശക്തിയാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇന്നത്തെ ദിവസം അദേഹം കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കൂടെയില്ലെന്നത് വേദനയുള്ള കാര്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ചാണ്ടി ഉമ്മന് 37,213 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാണ്ടി ഉമ്മൻ്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിൽ പായസ വിതരണം നടത്തി.