തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച.
അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചത് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമല്ല. അതിനാല്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുന്ന പരാമര്‍ശങ്ങള്‍ക്ക് മേല്‍ അഭിപ്രായം പറയല്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും സഭയില്‍ അവതരിപ്പിച്ചിട്ടുള്ള അടിയന്ത പ്രമേയത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിക്ക് നോട്ടീസ് ചര്‍ച്ചയ്ക്കെടുക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിയമസഭയെ അറിയിച്ചു.