തിരുവനന്തപുരം: പതിവ് ഡ്യൂട്ടിക്ക് ശേഷം അടിയന്തര ചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന കോള്‍ ഡ്യൂട്ടി അലവന്‍സ് വര്‍ധിപ്പിച്ചു. ഗൈനക്കോളജിസ്റ്റ്, അനസ്‌തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരുടെ ആനുകൂല്യമാണ് ഉയര്‍ത്തിയത്.
രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയുള്ള സമയത്തെ അടിയന്തര ചികിത്സകളാണ് കണക്കാക്കുന്നത്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന ആനുകൂല്യം നല്‍കും.
അടിയന്തര സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിളിച്ചു വരുത്തുന്ന അനസ്‌തെറ്റിസ്റ്റിന് നല്‍കുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ഡോക്ടര്‍ മാത്രമുള്ള സ്‌പെഷ്യാലിറ്റികളില്‍ വൈകിട്ട് അഞ്ച് മുതലുള്ള അധിക ജോലിക്ക് വര്‍ധിച്ച ആനുകൂല്യം ലഭിക്കും. ആശുപത്രിയില്‍ നിന്ന് വാഹന സൗകര്യം ഒരുക്കുന്നില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സിനും അര്‍ഹതയുണ്ട്.
പ്രസവം, ഗര്‍ഭകാല ചികിത്സാ സൗകര്യങ്ങളുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിന് അര്‍ഹത.