തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രിയരഞ്ജനെ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം.
പൂവച്ചല്‍ സ്വദേശിയായ പത്ത് വയസുകാരന്‍ ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ 31 നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്.
ആദ്യം വാഹനാപകടം എന്നായിരുന്നു കരുതിയത് എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനപൂര്‍വ്വം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലാവുകയായിരുന്നു. പ്രിയരഞ്ജന്‍ ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഈ പകയാണ് കൊലപാതകത്തില്‍ കാലാശിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31 ന് വൈകുന്നേരം അഞ്ചോടെയാണ് അപകടം ഉണ്ടായത്.
സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടം ഉണ്ടാക്കിയത് കുട്ടിയുടെ ബന്ധുവിന്റെ കാറാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് റിപ്പോര്‍ട്ട്.