കോഴിക്കോട് വീണ്ടും നിപ സംശയം; മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് സമാന ലക്ഷണങ്ങള്‍: പരിശോധനാഫലം ഇന്ന്

കോഴിക്കോട് വീണ്ടും നിപ സംശയം; മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് സമാന ലക്ഷണങ്ങള്‍: പരിശോധനാഫലം ഇന്ന്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സംശയം. പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മരിച്ച ഒരാളുടെ നാല് ബന്ധുക്കള്‍ സമാന ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പേര്‍ മരിച്ചത്. ഓഗസ്റ്റ് 30 നായിരുന്നു ആദ്യ മരണം. വടകര താലൂക്കിലെ മരുതോങ്കര സ്വദേശിയായ നാല്‍പ്പത്തൊമ്പതുകാരനാണ് ആദ്യം നിപ ലക്ഷണങ്ങളോടെ മരണപ്പെട്ടത്.

ഇന്നലെയാണ് വടകര തെരുവള്ളൂര്‍ സ്വദേശിയായ രണ്ടാമത്തെയാള്‍ നിപ ലക്ഷണങ്ങളോടെ മരിച്ചത്. ഇവര്‍ രണ്ടുപേരും ഒരേ ആശുപത്രിയില്‍ ഒരേ സമയത്ത് ഉണ്ടായിരുന്നതായാണ് വിവരം.

ആദ്യം മരിച്ച രോഗിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കാന്‍ കഴിഞ്ഞിട്ടില്ല. സംശയം ഉടലെടുത്തതിനാല്‍ രണ്ടാമത് മരിച്ച രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും.

ആദ്യം മരിച്ച രോഗി ചികിത്സയില്‍ തുടരവേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിയാണ് പിന്നീട് അസുഖം മൂര്‍ച്ഛിച്ച് മരിച്ചത് എന്നാണ് വിവരം. ഇയാളുടെ മകന്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

കുട്ടിയുടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒന്‍പത് വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സാഹചര്യം വിലയിരുത്താനായി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. മരിച്ചയാളുകളുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ജില്ലാ കളക്ടര്‍ ഇന്ന് അവലോകന യോഗം വിളിച്ചിട്ടുണ്ട്.

2018 ലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തുടര്‍ന്ന് 2021 ല്‍ നിപ ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.