കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.
ജില്ലയിലെ എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തി. കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ ചുമതലപ്പെടുത്തി.
മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഹൈ റിസ്‌ക് ഉള്ളവരെ ഇവിടെ ഐസോലേറ്റ് ചെയ്യും. 75 പേരുടെ സമ്പര്‍ക്ക പട്ടിക നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരാണ്. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകും. അതിന് ശേഷം വീണ്ടും യോഗം ചേരും.
ആദ്യം മരിച്ച ആളുടെ ഒന്‍പത് വയസുള്ള കുട്ടി വെന്റിലേറ്ററിലും ഭാര്യ ഐസൊലേഷനിലുമാണ്. ഇന്നലെ മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിട്ടുണ്ട്. ഇദേഹത്തിന്റെ സംസ്‌കാരം പരിശോധനാ ഫലം വന്ന ശേഷം നടക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപി കിറ്റ് അടക്കമുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.