കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെരുമ്പാവൂരില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. ഈ മാസം അഞ്ചിനായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. തുടര്‍ന്ന് പ്രതി ഇരിങ്ങോല്‍ സ്വദേശി ബേസില്‍ ആത്മഹത്യ ചെയ്തിരുന്നു.
അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസില്‍ പിന്നീട് ഇരിങ്ങോലിലെ സ്വന്തം വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശിക്കും പരിക്കേറ്റിരുന്നു.
ആയുധവുമായാണ് യുവാവ് അല്‍ക്കയുടെ വീട്ടിലെത്തിയത്. പിന്നാലെ പെണ്‍കുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അല്‍ക്കയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ആഴത്തില്‍ വെട്ടേറ്റത്.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായ ബേസിലും കോലഞ്ചേരിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അല്‍ക്കയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സൂചന.