'സാമ്പത്തിക മേഖലയില്‍ വലിയ തോതിലുള്ള ശ്വാസംമുട്ടലുണ്ട്'; കാരണം കേന്ദ്ര വിഹിതത്തിന്റെ കുറവെന്ന് കെ.എന്‍ ബാലഗോപാല്‍

'സാമ്പത്തിക മേഖലയില്‍ വലിയ തോതിലുള്ള ശ്വാസംമുട്ടലുണ്ട്'; കാരണം കേന്ദ്ര വിഹിതത്തിന്റെ കുറവെന്ന് കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ തോതിലുള്ള ശ്വാസംമുട്ടലുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര വിഹിതത്തിന്റെ കുറവാണെന്നും അദേഹം പറഞ്ഞു. പ്രതിസന്ധിയെ കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണത്തിലുളള വലിയ കുറവാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നം. ഒരു രൂപ കേന്ദ്ര നികുതിക്ക് പിരിക്കുന്നതിന് പകരമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന തുകയെപ്പറ്റി പ്രതിപക്ഷം ഗൗരവമായി കാണണം. കേരളത്തില്‍ നിന്ന് ഒരു രൂപ പിരിക്കുന്നതില്‍ 25 പൈസയേ തിരിച്ചുകിട്ടുന്നുള്ളു. തമിഴ്നാടിന് 40 പൈസയാണ്. യുപിക്ക് രണ്ട് രൂപ 73 പൈസയാണ്. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടു പോകുന്ന നികുതിയുടെ അര്‍ഹമായ ശതമാനം തരുന്നില്ലെന്ന് അദേഹം സഭയില്‍ വ്യക്തമാക്കി.

29 ശതമാനമാണ് ഈ വര്‍ഷം കുറയ്ക്കാന്‍ പോകുന്നത്. ഇങ്ങനെ കുറയ്ക്കുമ്പോള്‍ എങ്ങനെ മാനേജ് ചെയ്യും. കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇതൊക്കെയാണ് ഉന്നയിക്കേണ്ടത്. വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചത് കല്യാണസദ്യക്ക് അല്ലല്ലോ, കേരളത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ അല്ലേ എന്നും ബാലഗോപാല്‍ ചോദിച്ചു.

ട്രഷറി പൂട്ടുമെന്നും സമ്പദ് വ്യവസ്ഥതകരുമെന്നും ഓണം ബുദ്ധിമുട്ടാകുമെന്നുമൊക്കെ പ്രചാരണം നടന്നു. എന്നാല്‍ ഇത് മറികടക്കാന്‍ നമുക്ക് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും നല്ല മാര്‍ക്കറ്റ് ഇടപെടല്‍ കേരളത്തില്‍ ആയിരുന്നുവെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിലക്കയറ്റത്തിന്റെ തോതില്‍, ഏറ്റവും കുറവ് വിലയക്കയറ്റം ഉണ്ടായത് കേരളത്തിലാണെന്നും അദേഹം പറഞ്ഞു.

കടബാധ്യതയുടേയും കമ്മിയുടെയും കാര്യത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവുവരുത്തി. റവന്യു ചെലവിന്റെ കാര്യത്തില്‍ അനാവശ്യ ചെലവുകള്‍ ചുരുക്കണമെന്ന പ്രതിപക്ഷം പറഞ്ഞ കാര്യത്തിനോട് യോജിക്കുന്നു. പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കുറച്ചാല്‍ പണം സേവ് ചെയ്യാമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല. വസ്തുതകള്‍ ഒന്നും കേരളത്തിലെ പത്രങ്ങളില്‍ വരുന്നില്ല. ഭരണപക്ഷത്തെ അടിച്ചുനിരത്തി എന്ന വാര്‍ത്തകളാണ് വരുന്നത്.

തനതു വരുമാനം വര്‍ധിപ്പിക്കുന്നതില്‍ കേരളത്തിന് നേട്ടമുണ്ടായി. 2021-22ല്‍ 22.4 ശതമാനമാണ് വര്‍ധനവ്. 2022-23ല്‍ 23.4 ശതമാനവും. യുഡിഎഫിന്റെ സമയത്ത് അഞ്ചു വര്‍ഷം കൊണ്ട് 55 ശതമാനമാണ് സാമ്പത്തിക വര്‍ധനവുണ്ടായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ രണ്ട് വര്‍ഷം കൊണ്ട് 51 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.