കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം കോഴിക്കോടെത്തി. ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. ഇന്ന് രാവിലെ സംഘം കോഴിക്കോട് കളക്ടറേറ്റിലെത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവര്‍ കളക്ടറുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തി. നിലവില്‍ സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളില്‍ കേന്ദ്ര സംഘം തൃപ്തരാണെന്നാണ് സൂചന. എന്നാല്‍ സംഘത്തിന്റെ തുടര്‍ നടപടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം ജില്ലയില്‍ ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അടുത്ത പത്ത് ദിവസത്തേക്ക് ആളുകള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഇന്നും നാളെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധിയും പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 18 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 11 പേരുടെ ഫലം പുറത്ത് വരാനുണ്ട്. ഇത് ഇന്ന് ലഭിച്ചേക്കും.
ഇതിനിടെ രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് കണ്ടെത്തിയത്.