തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ല. സിബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് യുഡിഎഫിന്റെ ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ക്രിമിനല്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ആ സാഹചര്യത്തില്‍ വിഷയം സംസ്ഥാന ഏജന്‍സി അന്വേഷിക്കേണ്ടെന്നും സിബിഐ അന്വേഷിച്ചില്ലെങ്കില്‍ മറ്റ് നിയമവഴി തേടുമെന്നും അദേഹം വ്യക്തമാക്കി. യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഒരു പരാമര്‍ശവും സിബിഐ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ദല്ലാള്‍ നന്ദകുമാര്‍ ഇപ്പോഴും ഇവരുടെ ആളാണ്. സിബിഐക്ക് നല്‍കാത്ത മൊഴി പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ ആരെങ്കിലും മുഖവിലയ്ക്കെടുക്കുമോ. സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത് മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ്.
അതില്‍ വി.എസിന്റെ പേരൊന്നുമില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇന്നലെ വി.എസിന്റെ പേര് കയറ്റിയത്. മുഖ്യമന്ത്രി പുറത്താക്കിയ നന്ദകുമാറിനെ കാണാന്‍ ഇ.പി ജയരാജന്‍ എന്തിന് പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരേ ആരോപണമുയര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുമുണ്ടെന്നായിരുന്നു സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.