പിതാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍

പിതാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് ജോണ്‍സന്റെ മകന്‍ ജോജി (38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അക്രമത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സണ്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ജോജിക്കും മകനും 90 ശതമാനം പൊള്ളലേറ്റിരുന്നു.

രണ്ടു വര്‍ഷമായി ജോണ്‍സനും മകനും പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നുമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.