നിപ: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം രാവിലെ പത്തിന്; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി

നിപ: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം രാവിലെ പത്തിന്; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി

കേന്ദ്ര സംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ പത്തിനാണ് യോഗം.

പതിനൊന്നിന് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകന യോഗവും ചേരും.

അതിനിടെ പരിശോധനയ്ക്കയച്ച 11 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരടക്കമുള്ളവര്‍ക്കാണ് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് തുടരുന്ന കേന്ദ്ര സംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആര്‍ജിസിബിയുടെ മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോടെത്തും. ഇന്ന് മുതല്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും.

ചെന്നൈയില്‍നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിള്‍ ശേഖരണവും തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി.

950 പേരാണ് ഇപ്പോള്‍ നിപ രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ 5,662 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. 51 പേര്‍ക്ക് പനി ഉള്ളതായി കണ്ടെത്തി.

കുറ്റ്യാടി മേഖലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാടും ജാഗ്രതയിലാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വവ്വാലുകളെ കൂടുതലായി കാണുന്ന മാനന്തവാടി പഴശി പാര്‍ക്ക് അടച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.