കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മുപ്പത്തിയൊന്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി.
അതേസമയം നിപ സ്ഥിരീകരിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ഒമ്പതുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുപത്തിനാലുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെയും മരണപ്പെട്ട മുഹമ്മദിന്റെ ഭാര്യാ സഹോദരന്റെയും (25) നില തൃപ്തികരമാണ്. ചികിത്സയ്ക്കുള്ള മോണോക്ലോണല്‍ ആന്റിബോഡി എത്തിച്ചിട്ടുണ്ട്.
പതിനൊന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സ്രവ സാമ്പിളുകള്‍ ഇന്നലെ പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. പതിനൊന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. 950 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍പ്പെടും.
നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് ഉന്നതതല യോഗം ചേരും. യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും.