കെ.ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഇടതു മുന്നണിയില്‍ ആരംഭിച്ചു. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ മാറാനുള്ള സാധ്യതയുണ്ട്. കെ.ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കും.
എ.എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും. വീണ ജോര്‍ജിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്കായിരിക്കും പരിഗണിക്കുക. അങ്ങനെയെങ്കില്‍ ഷംസീര്‍ മന്ത്രിസഭയില്‍ എത്തും. ഷംസീറിന് ആരോഗ്യവകുപ്പ് നല്‍കിയേക്കുമെന്നാണ് സൂചന. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുള്ള മുഖംമിനുക്കല്‍ നടപടി കൂടിയാണ് മന്ത്രിസഭ പുനസംഘടന.
നവംബറില്‍ പുനസംഘടന നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. ഇവര്‍ക്ക് പകരം ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാവും.
അതിനിടെ സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തയാഴ്ച ചേരുന്ന നേതൃയോഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
മന്ത്രിസ്ഥാനത്ത് പുതുമുഖങ്ങളെ അവതരിപ്പിച്ച സിപിഐ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഐ മന്ത്രിമാരുടെ പ്രകടനം ശരാശരിക്കും മുകളിലാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
വീണാ ജോര്‍ജിനെ മാറ്റി മന്ത്രിസഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ടിവിയില്‍ കണ്ട വിവരമേ തനിക്കുള്ളുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതികരിച്ചു. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ഷംസീര്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.