കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതിക്ക് വേണ്ടി മുന്‍മന്ത്രി മൊയ്തീന്‍ ഇടപെട്ടെന്ന് സാക്ഷി; ശൈലജയ്ക്കുമെതിരെ ആരോപണം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതിക്ക് വേണ്ടി മുന്‍മന്ത്രി മൊയ്തീന്‍ ഇടപെട്ടെന്ന് സാക്ഷി; ശൈലജയ്ക്കുമെതിരെ ആരോപണം

തൃശൂര്‍: വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുക്കേസില്‍ മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി കേസിലെ മുഖ്യസാക്ഷി കെ.എ ജിജോര്‍.

തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളായ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് മൊയ്തീനാണെന്ന് ജിജോര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്ക്. ഇ.പി. ജയരാജനും കെ.കെ. ശൈലജയും തൃശൂരില്‍ എത്തുമ്പോള്‍ സതീഷുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും ജിജോര്‍ ആരോപിച്ചു.

കേസിലെ മുഖ്യപ്രതിയായ വെള്ളപ്പായ സതീശന്റെ ഇടനിലക്കാരനാണ് ജിജോര്‍. കരുവന്നൂരിലേയും മറ്റ് സഹകരണ ബാങ്കുകളിലേയും ഇടപാടുള്‍ സതീശന്‍ നടത്തിയിരുന്നത് ജിജോര്‍ മുഖേനയായിരുന്നു.

ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിര്‍ണായക ഇടപാടുകളെക്കുറിച്ച് എ.സി മൊയ്തീന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് അറിയാമായിരുന്നു. ഇവരുടേത് ഉള്‍പ്പെടെ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ജിജോര്‍ പറഞ്ഞു.

2014 മുതല്‍ കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടക്കുന്നുവെന്ന് എ.സി മൊയ്തീന് അറിയാമായിരുന്നു. മൊയ്തീന് പുറമേ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് വഴിയാണ് സതീഷ് മൊയ്തീനുമായി ബന്ധം സ്ഥാപിക്കുന്നത്.

പിന്നീടുള്ള ഇടപാടുകള്‍ മൊയ്തീനും സതീഷുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടത്തി. റിട്ടയേഡ് ഡിവൈ.എസ്.പിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നും ജിജോര്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.