കിടിലന്‍ സെഞ്ചുറി, 2023 കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികച്ച് ശുഭ്മാന്‍ ഗില്‍

കിടിലന്‍ സെഞ്ചുറി, 2023 കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികച്ച് ശുഭ്മാന്‍ ഗില്‍

ബംഗ്ലാദേശിനെതിരെ കുറിച്ച തകര്‍പ്പന്‍ സെഞ്ചുറിയോടെ ഈ കലണ്ടര്‍ വര്‍ഷം 1000 റണ്‍സെന്ന അപൂര്‍വ നേട്ടം കൈവരിച്ച് ശുഭ്മാന്‍ ഗില്‍. 17 മല്‍സരങ്ങളില്‍ നിന്നായി 1025 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഈ വര്‍ഷം ഈ നേട്ടം കൈവരിക്കുന്ന ഏക ക്രിക്കറ്റ് താരവുമാണ് ഗില്‍.

ഈ വര്‍ഷം നാലു വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും കുറിച്ച ഗില്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഇരട്ട സെഞ്ചുറി നേടിയും റെക്കോര്‍ഡിട്ടു. ഇരട്ടസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ഗില്‍ 2023ല്‍ സ്വന്തമാക്കി.

19 മല്‍സരങ്ങളില്‍ നിന്നായി 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഗില്‍ ആണ് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ ഇന്ത്യക്കാരന്‍. വിരാട് കോലിയും ശിഖര്‍ ധവാനും 24 മല്‍സരങ്ങളില്‍ നിന്നാണ് ആദ്യ 1000 റണ്‍സ് കുറിച്ചത്.

14 മല്‍സരങ്ങളിലെ 12 ഇന്നിംഗ്‌സില്‍ നിന്നായി 556 റണ്‍സാണ് ഈ കലണ്ടര്‍ വര്‍ഷത്തില്‍ കോലിയുടെ സമ്പാദ്യം. മൂന്നു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഇന്ത്യയുടെ മുന്‍നായകന്‍ നേടിയിട്ടുണ്ട്.

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രതീക്ഷയാവുകയാണ് ഗില്ലിന്റെ ഫോം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി 12 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് രോഹിതും കൂട്ടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.