തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനുറച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. സംസ്ഥാന പൊലീസ് മേധാവിക്ക് മറിയ ഉമ്മന്‍ പരാതി നല്‍കി.
മറിയ ഉമ്മനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിന്നും വ്യക്തി അധിക്ഷേപം നടക്കുന്നുണ്ടായിരുന്നു.സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ മറിയ ഉമ്മന്‍ ആവശ്യപ്പെട്ടത്.
പുതുപ്പള്ളിയില്‍ യുഡിഎഫ് നേടിയ വിജയത്തിന്റെ പക തീര്‍ക്കലാണ് രാഷ്ട്രീയത്തില്‍ പോലും ഇല്ലാത്ത തനിക്കെതിരെ സിപിഎം സൈബര്‍ സംഘം നടത്തുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികള്‍, മരണ ശേഷവും അദേഹത്തിന്റെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് ഇത് തുടരുന്നതെന്നാണ് മറിയ പ്രതികരിച്ചത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് സഹോദരി അച്ചു ഉമ്മനെതിരെയും സിപിഎം സൈബര്‍ അധിക്ഷേപം നടത്തിയിരുന്നു. ഈ സംഭവത്തില്‍ അച്ചു ഉമ്മന്‍ നല്‍കിയ പരാതിയില്‍ സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി പ്രതിയായ കേസില്‍ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു.