കണ്ണൂര്‍: കണ്ണൂര്‍ കേളകം അടയ്ക്കാത്തോട് ഭാഗത്ത് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. ഇന്നലെ രാത്രി ഏഴരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. രാമച്ചി കോളനിയിലെ വേളേരി വിജിനയുടെ വീട്ടിലാണ് സംഘമെത്തിയത്.
രാത്രി ഏഴരയ്ക്കെത്തിയ സംഘം രാത്രി പതിനൊന്നു വരെ കോളനിയില്‍ തങ്ങിയതായാണ് റിപ്പോര്‍ട്ട്. ഭക്ഷണം പാകം ചെയ്തു കഴിക്കുകയും അരിയും മറ്റ് ആഹാര സാധനങ്ങളും ശേഖരിക്കുകയും ചെയ്തുവെന്നുമാണ് വിവരം. സംഘത്തില്‍ പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കബനിദളത്തിലെ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പൊലീസും തണ്ടര്‍ബോള്‍ട്ടും കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. നേരത്തെയും മാവോയിസ്റ്റ് സംഘം കോളനിയില്‍ എത്തിയിരുന്നതായാണ് വിവരം.