വാഹനങ്ങള്‍ തീപിടിക്കുന്നതിന് പിന്നിലെ കാരണം കണ്ടെത്തി സാങ്കേതിക സമിതി

 വാഹനങ്ങള്‍ തീപിടിക്കുന്നതിന് പിന്നിലെ കാരണം കണ്ടെത്തി സാങ്കേതിക സമിതി

ആലപ്പുഴ: യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ തീപിടിക്കുന്നതിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന പ്രഥമ യോഗത്തിലാണ് വിലയിരുത്തല്‍.

വാഹനങ്ങളിലെ ഓള്‍ട്ടറേഷന്‍, ഇനന്ധനം ഉള്‍പ്പെടെയുള്ള സ്ഫോടക സ്വഭാവമുള്ള വസ്തുക്കള്‍ കൊണ്ടുപോകല്‍, പ്രാണികള്‍ ഇന്ധനക്കുഴല്‍ തുരന്ന് ചോര്‍ച്ച വരുത്തുന്നത് തുടങ്ങിയ മൂന്നു കാരണങ്ങളാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അപകടം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഒപ്പം ഫോറന്‍സിക് വിദഗ്ധരുടെ സഹായവും തേടും.

തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഈ മാസം 26, 27, 28 തീയതികളിലാണ് പരിശോധന. റോഡ് സുരക്ഷ കമ്മീഷണര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ 207 വാഹനങ്ങളാണ് തീപിടിച്ചത്. ഈ അപകടങ്ങളില്‍ തീപിടിച്ച് ആറ് മരണവും നാലുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. കുറഞ്ഞ വിലയുള്ള വാഹനങ്ങള്‍ വാങ്ങി കൂടുതല്‍ വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് തീപിടിത്തത്തിന് പ്രധാന കാരണം.

വില കുറച്ച് ഇന്ധനം കിട്ടുന്ന സ്ഥലങ്ങളില്‍ നിന്ന് അവ കൂടുതല്‍ ശേഖരിച്ച് വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയും അപകടമുണ്ടാക്കും. പെട്രോളിലെ എഥനോളിനെ ആകര്‍ഷിക്കുന്ന ചെറുപ്രാണിയാണ് മറ്റൊന്ന്. ഇന്ധനം കുടിക്കാന്‍ ഇവ കുഴലില്‍ ചോര്‍ച്ച വരുത്തുന്നുവെന്നാണ് നിഗമനം. ഇതേക്കുറിച്ചും ശാസ്ത്രീയ പഠനം നടത്തും. അതിന് ശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.

തീപിടിച്ചവയില്‍ ഏറെയും പെട്രോള്‍ വാഹനങ്ങളാണ്. ഇതില്‍ ബൈക്കും കാറുമാണ് മുന്നില്‍. ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തവും സമിതി പഠന വിധേയമാക്കും. ഫോറന്‍സിക് വിഭാഗം ഡോ. എസ്.പി സുനില്‍, സാങ്കേതിക വിഗദ്ധന്‍ ഡോ. കെ.ജെ രമേശ്, ഡോ. മനോജ് കുമാര്‍, ഡോ. കമല്‍ കൃഷ്ണന്‍, ട്രാഫിക് ഐ.ജി, അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എന്നിവരടങ്ങിയതാണ് സമിതി. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.