നിപയില്‍ ആശ്വാസം: 42 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; നിയന്ത്രണങ്ങളും പരിശോധനകളും തുടരുന്നു

നിപയില്‍ ആശ്വാസം:  42 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; നിയന്ത്രണങ്ങളും പരിശോധനകളും തുടരുന്നു

കോഴിക്കോട്: നിപ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. 39 പേരുടെ ഫലം കൂടി ഇനി കിട്ടാന്‍ ഉണ്ട്.

പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള ഒന്‍പതു വയസുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. ജാനകിക്കാട്ടില്‍ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ സംഘവും സംസ്ഥാന സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈ റിസ്‌കില്‍ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകള്‍ എടുക്കുന്നുണ്ടന്നും മന്ത്രി അറിയിച്ചു.

അതേസമയം കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടയ്‌മെന്റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു.

ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.