കൊച്ചി: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയത്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ - ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. നിലവില്‍ തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. കൂടാതെ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.