നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല: രണ്ടാം തരംഗ സാധ്യത; ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി

നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല: രണ്ടാം തരംഗ സാധ്യത; ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രധാന പ്രശ്‌നമാണെന്നും പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങള്‍ ചെയ്ത് വരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടത്.

സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത് 1286 പേരാണ്. 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. അതില്‍ 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 പേര്‍ നിരീക്ഷണത്തിലാണ്. 304 സാമ്പിളിള്‍ 256 പേരുടെ ഫലം വന്നു. അതില്‍ ആറ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്‍പത് പേര്‍ ഐസൊലേഷനിലുണ്ട്. മരുന്ന് മുതല്‍ ആംബുലന്‍സ് അടക്കം എല്ലാം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത്. എല്ലാവരും പങ്കാളികളായി. അതോടൊപ്പം സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണയും നല്‍കി. 1099 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. നിപ നിര്‍ണയത്തിന് ലാബ് സംസ്ഥാനത്ത് സജ്ജമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമങ്ങളെ കാണാത്തതിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. മാധ്യമങ്ങളെ കാണാതിരുന്നതല്ല. ഇടവേള എടുത്തതാണെന്നാണ് . കാണേണ്ട എന്നായിരുന്നെങ്കില്‍ ഇപ്പോഴും കാണുമായിരുന്നില്ല. ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായതും ഒരു ഘടകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിന്റെ പരാജയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളിയിലെ വിജയത്തെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്. വ്യത്യസ്തമായൊരു വിലയിരുത്തല്‍ തനിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയുള്ള പ്രത്യേക സാഹചര്യമായിരുന്നു. അത് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തിലും കണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.

മന്ത്രിസഭ പുനസംഘടന എന്നത് മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതില്‍ എല്‍ഡിഎഫില്‍ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കൂട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി കൃത്യസമയത്ത് തന്നെ നടപ്പിലാക്കും. ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ ഗൂഢാലോചന നടത്തിയെന്നതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറപടി പറഞ്ഞു. ചില സ്ഥാനങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഗൂഢനീക്കങ്ങള്‍ നടത്തിയെന്നതൊക്കെ പുറത്തുവന്ന കാര്യമാണല്ലോ എന്നും അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോഴുള്ള യുഡിഎഫിന്റെ ഉദ്ദേശം എന്തായിരുന്നെന്നും അദേഹം ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.