തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഹവാല ഇടപാട് നടന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. ഇടപാടിന് ചുക്കാന്‍ പിടിച്ചത് ഒന്നാം പ്രതിയായ പി. സതീഷ് കുമാറാണ്.
ബഹറിനിലുളള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വര്‍ക്ക് വഴി പണം കടത്തിയെന്നും ഇ.ഡി കണ്ടെത്തി. പി. സതീഷ് കുമാറിന്റെ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് പണം നിക്ഷേപിച്ചത്.
സതീഷ് കുമാറിന്റെ ബിനാമി ഇടപാടിന്റെ രേഖകള്‍ ആധാരം എഴുത്തുകാരുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. തൃശൂരില്‍ ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തുമാണ് പരിശോധന നടന്നത്. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാര്‍ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനിനോട് കഴിഞ്ഞ ദിവസം ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കണമെന്ന് വിശദീകരണം നല്‍കി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. രണ്ടാം തവണയാണ് കേസില്‍ ഇ.ഡി എ.സി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.