അനധികൃത ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

അനധികൃത ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: ചിന്നക്കനാലിലെ അനധികൃത ഭൂമി ഇടപാടില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.

ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും സ്വന്തമാക്കിയെന്നതാണ് മാത്യു കുഴല്‍നാടനെതിരെയുള്ള കേസ്. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും റജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

സ്ഥല പരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്ക് മാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാര്‍ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി വന്‍തുകം തട്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനാണ് മാത്യു കുഴല്‍നാടനെതിരെ ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും ആരോപിച്ചതോടെ സിപിഎം വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.