ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിൽ; ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിൻറെ ജാമ്യം രണ്ടു മാസം കൂടി നീട്ടി

ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിൽ; ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിൻറെ ജാമ്യം രണ്ടു മാസം കൂടി നീട്ടി

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീം കോടതി രണ്ടു മാസം കൂടി നീട്ടി. ചികിത്സക്കായി രണ്ട് മാസത്തെ ജാമ്യം ഓഗസ്റ്റ് ആദ്യം കോടതി അനുവദിച്ചിരുന്നു. കൂടുതൽ ചികിത്സ ആവശ്യമാണെന്ന വാദം പരിഗണിച്ച് ഡിസംബർ അഞ്ച് വരെയാണ് ജാമ്യം നീട്ടിയത്.

ശിവശങ്കർ ഒരു ശസ്ത്രക്രിയ പൂർത്തിയായി വിശ്രമത്തിലാണെന്നും ഒക്ടോബർ രണ്ടാം ആഴ്ചയിൽ നട്ടെല്ലിന് മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും അദേഹത്തിൻറെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നീട്ടിയത്.

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആറ് മാസത്തെ ജയിൽവാസത്തിനൊടുവിലാണ് ആഗസ്റ്റിൽ ഇടക്കാല ജാമ്യം ലഭിച്ചത്. ഇ.ഡിയുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ആശുപത്രിയിലും വീട്ടിലു​മല്ലാതെ മറ്റെങ്ങും പോകരുത് തുടങ്ങിയ കർശന വ്യവസ്ഥകൾ കോടതി മുന്നോട്ടുവെച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.