ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്.
താങ്ങുവില ഉറപ്പാക്കാന്‍ നിയമം വേണമെന്ന ആവശ്യത്തിലും തീരുമാനമായില്ല. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് ഉള്‍പ്പെടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും.
നിയമങ്ങള്‍ പിന്‍വലിക്കാമെന്നോ ഇല്ലെന്നോ മാത്രം പറഞ്ഞാല്‍ മതിയെന്ന നിലപാടില്‍ കര്‍ഷക പ്രതിനിധികള്‍ യോഗത്തില്‍ മൗനം പാലിച്ചത് ശ്രദ്ധേയമായി. ഏഴ് വട്ടം ചര്‍ച്ച ചെയ്‌തെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ ചര്‍ച്ചയില്‍ മൗന വൃതം അനുഷ്ടിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. നിയമം പിന്‍വലിക്കുന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ വാദഗതികള്‍ ഉന്നയിച്ചു. പുതിയ നിയമങ്ങള്‍ പ്രകാരം കര്‍ഷകര്‍ക്ക് അവരുടെ സ്ഥലങ്ങള്‍ നഷ്ടമാകില്ലെന്ന് വ്യാപാരി ബോര്‍ഡ് മേധാവി ഉറപ്പു നല്‍കിയെങ്കിലും കര്‍ഷകര്‍ക്കത് സ്വീകാര്യമായില്ല.