വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയെ കുടുക്കിയ ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയെ കുടുക്കിയ ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. കേസില്‍ സര്‍ക്കാരിന്റെയും എക്സൈസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം കോടതി തേടിയിട്ടുണ്ട്.

ഷീല സണ്ണിയുടെ പക്കല്‍ നിന്നും ലഹരി മരുന്നായ എല്‍എസ്ഡി സ്റ്റാംപ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 72 ദിവസം ഇവരെ ജയിലിലടച്ചത്.

ലഹരി മരുന്നു കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ എക്സൈസ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ലിഡിയ പറയുന്നു. രണ്ടു തവണ അന്വേഷണ സംഘം ലിഡിയയെ ചോദ്യം ചെയ്തിരുന്നു.

കൂടാതെ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായും ലിഡിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് വിവരം കൈമാറിയ വ്യക്തിക്കായി നടത്തിയ അന്വേഷണത്തിലാണ് ഷീലയുടെ മരുമകളുടെ സഹോദരി ലിഡിയയായിരുന്നു ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

എന്നാല്‍ ഷീലയുടെ ബാഗില്‍ നിന്ന് എക്സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.