'മുഖ്യമന്ത്രി ജനങ്ങളെ ഭീതിപ്പെടുത്തി ചീറിപ്പായുന്നു'; ഉമ്മന്‍ചാണ്ടി-പിണറായി താരതമ്യം തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ

 'മുഖ്യമന്ത്രി ജനങ്ങളെ ഭീതിപ്പെടുത്തി ചീറിപ്പായുന്നു'; ഉമ്മന്‍ചാണ്ടി-പിണറായി താരതമ്യം തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിര്‍ക്കണമെന്ന് സിപിഐ. ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാ സന്നാഹങ്ങളോടെയുള്ള മുഖ്യമന്ത്രിയുടെ യാത്ര എതിര്‍ വികാരമാണ് സൃഷ്ടിക്കുന്നതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയെ എതിര്‍ക്കാനോ തിരുത്താനോ സിപിഐ മന്ത്രിമാര്‍ തയ്യാറാവുന്നില്ല. പാര്‍ട്ടി നേതൃത്വമെങ്കിലും അതിനു തയ്യാറാവണമെന്ന് ജില്ലാ സെക്രട്ടറിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച ഭരണ വിരുദ്ധവികാരം സത്യസന്ധമായി പരിശോധിക്കണം. സര്‍ക്കാരിന്റെ പോരായ്മകളും 'ഉമ്മന്‍ചാണ്ടി പിണറായി' താരതമ്യവും പുതുപ്പള്ളിയിലെ വന്‍ തിരിച്ചടിക്കു കാരണമായെന്നും യോഗം വിലയിരുത്തി. മുഖ്യമന്ത്രിയായിരിക്കെ ഒരു എസ്‌കോര്‍ട്ടും ഇല്ലാതെ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച മണ്ഡലത്തില്‍ വന്‍ സുരക്ഷയോടെ പിണറായി വിജയന്‍ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത് ജനങ്ങള്‍ക്കു താരതമ്യത്തിന് അവസരം നല്‍കി.
ജനങ്ങളെ ഭീതിപ്പെടുത്തി മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോവുന്നു. സര്‍ക്കാരിന്റെ പല നിലപാടുകളും നയങ്ങളും ജനത്തെ എതിരാക്കി. നെല്ലു സംഭരണത്തില്‍ കൃത്യമായി പണം നല്‍കുന്നതില്‍ വീഴ്ച വരുത്തി. മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന പാര്‍ട്ടിയുടെ ആ സ്ഥാനം നഷ്ടപ്പെട്ട് മുഖം ഇല്ലാതായി. ഈ ദൗത്യത്തില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് നിസാരമായി കാണേണ്ട ഒന്നല്ലെന്ന് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്റെ ബാധ്യത സിപിഐ ഏറ്റെടുക്കേണ്ടതില്ല. കരുവന്നൂര്‍ തട്ടിപ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സിപിഐയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെച്ചു.

തിരുവനന്തപുരം കണ്ടല ബാങ്കിലെ വന്‍ക്രമക്കേടില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.