ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുന്നത് എട്ട് ബില്ലുകള്‍; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുന്നത് എട്ട് ബില്ലുകള്‍; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ നീട്ടുക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ സേവനം സര്‍ക്കാര്‍ ഇതിനായി തേടും. നേരത്തെ ഫാലി എസ്. നരിമാന്റെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിരുന്നു.

എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പ് കാത്ത് കിടക്കുന്നത്. മൂന്ന് ബില്ലുകള്‍ ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞു. മറ്റ് മൂന്നെണ്ണം ഒരു വര്‍ഷത്തിലേറെയായി. പാര്‍ലമെന്ററി സംവിധാനത്തില്‍ നിയമ നിര്‍മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകള്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിമാരടക്കം ബില്ലുകളെക്കുറിച്ച് വിശദീകരണം നല്‍കിയതാണ്. എന്നിട്ടും തീരുമാനമായില്ല. വൈസ് ചാന്‍സലര്‍ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാല്‍ തെറ്റ് പറയാനാവില്ല.

ബില്ലുകള്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.