ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ കരിമ്പൂച്ചയെ ദുസ്വപ്നം കാണേണ്ട: എം.എം മണിയ്ക്ക് മറുപടിയുമായി മന്ത്രി കെ. രാജന്‍

ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോള്‍ കരിമ്പൂച്ചയെ ദുസ്വപ്നം കാണേണ്ട: എം.എം മണിയ്ക്ക് മറുപടിയുമായി മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: ആളുകള്‍ ദൗത്യസംഘം എന്ന് കേള്‍ക്കുമ്പോഴെക്കും ജെസിബിയും കരിമ്പൂച്ചയും ദുസ്വപ്നം കാണേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആ നിര്‍ദേശം കേള്‍ക്കുന്നു. അതിന്റെ അര്‍ത്ഥം നാളെ മുതല്‍ ആ സ്ഥലങ്ങള്‍ തല്ലിപ്പൊളിച്ച് മാറ്റുന്നു എന്നല്ല. സര്‍ക്കാര്‍ അത്തരത്തില്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ. രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം പ്രകാരം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ദൗത്യസംഘത്തിന് രൂപം നല്‍കിയത്. ഇതിന് പിന്നാലെ ഇടുക്കി ജില്ലാ കളക്ടര്‍ മുഖ്യ ചുമതലക്കാരനായുള്ള ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലെന്നും കാലങ്ങളായി കുടിയേറി കുടില്‍കെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടേയും മെക്കിട്ട് കയറാന്‍ അനുവദിക്കില്ലെന്നും സിപിഎം നേതാവും എംഎല്‍എയുമായ എം.എം മണി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം മുട്ടില്‍ മരമുറി കേസില്‍ ഭുവുടമകള്‍ക്ക് കനത്ത പിഴ നോട്ടീസ് അയച്ച നടപടി പുന പരിശോധിക്കുമെന്നും കെ രാജന്‍ പറഞ്ഞു. കര്‍ഷകരുടെ പരാതികള്‍ പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകരെ ഏതെങ്കിലും വിധത്തില്‍ ദ്രോഹിക്കാനോ, കബളിപ്പിക്കപ്പെട്ടവരെ ക്രൂശിക്കാനോ പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളെ ഒറ്റപ്പെടുത്താനോ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.