മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു;കൈമനം ഗാന്ധി മന്ദിരം പുനസ്ഥാപിക്കാന്‍ പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു;കൈമനം ഗാന്ധി മന്ദിരം പുനസ്ഥാപിക്കാന്‍ പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കരമന - കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത കൈമനം ഗാന്ധി മന്ദിരം പുനസ്ഥാപിക്കാന്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

ഗാന്ധി മന്ദിരം പുനസ്ഥാപിക്കുന്നതിന് കൈമനം ബി.എസ്.എന്‍.എല്‍ കോമ്പൗണ്ടില്‍ മൂന്നു സെന്റ് സ്ഥലം അനിവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കന്യാകുമാരിയില്‍ നിമജ്ഞനത്തിനായി കൊണ്ടുപോകവേ കല്‍മണ്ഡപത്തില്‍ ഇറക്കിവച്ച് അന്തിമോപചാരം അര്‍പ്പിച്ചതിന്റെ ഓര്‍മ്മകള്‍ പേറുന്ന ഗാന്ധിസ്മാരകം കല്‍മണ്ഡപം, റോഡ് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഗാന്ധി മന്ദിരം ഇല്ലാതായിട്ട് വര്‍ഷങ്ങളായി.

ഗാന്ധി മന്ദിരം ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തുമെന്ന് ജില്ലാകളക്ടര്‍ കമ്മീഷനെ അറിയിച്ചു. 2016 ജൂലൈ പതിനഞ്ചിന് റവന്യൂ വകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പുരാവസ്തു വകുപ്പ് മുഖേന ഗാന്ധിമന്ദിരം പുന:സ്ഥാപിക്കാന്‍ ജില്ലാ കളക്ടറെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തി.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ശാന്തിവിള പത്മകുമാര്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി അടിയന്തിരമായി പരിഹരിക്കാന്‍ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഭൂമി തിരുവനന്തപുരം തഹസീല്‍ദാര്‍ക്ക് കൈമാറിയതായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തഹസീല്‍ദാരുമായി ബന്ധപ്പെട്ട് ഗാന്ധിമന്ദിരം പുനസ്ഥാപിക്കാനാണ് പുരാവസ്തു ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എത്രയും വേഗം ഇത് സാധ്യമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.