മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; രണ്ടാംഘട്ടത്തില്‍ 91% കുട്ടികള്‍ക്കും 100% ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കി

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; രണ്ടാംഘട്ടത്തില്‍ 91% കുട്ടികള്‍ക്കും 100% ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കി

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 12,486 ഗര്‍ഭിണികള്‍ക്കും 85,480 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് പ്രതിരോധ വാക്സിന്‍ നല്‍കിയത്. ഇതുകൂടാതെ ഇതുവരെ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത 1654 കൂട്ടികള്‍ക്ക് കൂടി നല്‍കാനായി. 10,748 സെഷനുകളായാണ് വാക്സിനേഷന്‍ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 9844, കൊല്ലം 2997, ആലപ്പുഴ 3392, പത്തനംതിട്ട 2059, കോട്ടയം 3503, ഇടുക്കി 2160, എറണാകുളം 4291, തൃശൂര്‍ 5847, പാലക്കാട് 9795, മലപ്പുറം 21582, കോഴിക്കോട് 7580, വയനാട് 1996, കണ്ണൂര്‍ 5868, കാസര്‍ഗോഡ് 4566 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ വാക്സിന്‍ സ്വീകരിച്ചത്.

തിരുവനന്തപുരം 1961, കൊല്ലം 252, ആലപ്പുഴ 502, പത്തനംതിട്ട 285, കോട്ടയം 773, ഇടുക്കി 215, എറണാകുളം 724, തൃശൂര്‍ 963, പാലക്കാട് 1646, മലപ്പുറം 1397, കോഴിക്കോട് 1698, വയനാട് 555, കണ്ണൂര്‍ 687, കാസര്‍ഗോഡ് 628 എന്നിങ്ങനെയാണ് ഗര്‍ഭിണികള്‍ വാക്സിന്‍ സ്വീകരിച്ചത്.

ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം. സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് വാക്സിനേഷന്‍ പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് പരിപാടിയുടെ സമയക്രമം.

ദേശീയ വാക്സിനേഷന്‍ പട്ടിക പ്രകാരം വാക്സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള ഗര്‍ഭിണികളും അഞ്ച് വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.