തലസ്ഥാനത്തെ പൊതുദര്‍ശനം അട്ടിമറിച്ചത് പിണറായി; കോടിയേരിയേക്കാള്‍ പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിന്: കെ.സുധാകരന്‍

തലസ്ഥാനത്തെ പൊതുദര്‍ശനം അട്ടിമറിച്ചത് പിണറായി; കോടിയേരിയേക്കാള്‍ പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിന്: കെ.സുധാകരന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അത് മാറ്റിവയ്ക്കാന്‍ തയാറാകാതെ പിണറായി 2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലിന് പുലര്‍ച്ചെ തന്നെ വിദേശത്തേക്കു പറന്നു.

തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപ യാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശ പര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തി കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.

തലസ്ഥാനത്ത് ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഒന്നാം ചരമവാര്‍ഷിക വേളയില്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ഭൗതിക ശരീരവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതു കൊണ്ടാണ് നേരെ കണ്ണൂര്‍ക്ക് കൊണ്ടുപോയതെന്ന പാര്‍ട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്. കുടുംബത്തില്‍ നിന്നുയര്‍ന്ന പരാതിക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞേ തീരുവെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

അതിനിടെ ട്രിവാന്‍ഡ്രം ക്ലബില്‍ പണം വച്ച് ചീട്ട് കളിച്ചതിന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ്. ആര്‍ വിനയ കുമാര്‍ അറസ്റ്റിലായത് തികച്ചും യാദൃശ്ചികമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടപ്പോള്‍ തന്നെ അദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിലാപയാത്രയായി കൊണ്ടുവരണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം വിനോദിനി തന്നെ തുറന്നു പറഞ്ഞ ദിവസമാണ് യുണൈറ്റഡ് ഇന്‍ഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ എം.ഡി കൂടിയായ വിനയ കുമാറിനെ പണം വച്ച് ചൂതാട്ടം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തതെന്ന് രാഹുല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.